ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റങ്ങളിൽ അഷ്ടമി രോഹിണി വള്ളസദ്യയുടെ പുണ്യം നുകർന്ന് ആയിരങ്ങൾ പങ്കെടുത്തു. ഇത്തവണ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ തന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി തുടങ്ങി. 10.30 ന് വിശിഷ്ടാതിഥികളെ ക്ഷേത്ര ആനക്കൊട്ടിലിലേക്ക് വഞ്ചിപ്പാട്ട് പാടി പള്ളിയോട സേവാ സംഘം പ്രവർത്തകർ സ്വീകരിച്ചാനയിച്ചു.
മന്ത്രിമാരായ വി. എൻ. വാസവൻ, പി. പ്രസാദ് എന്നിവരും പങ്കെടുത്തു.
ആനക്കൊട്ടിലിൽ ഭദ്രദീപം തെളിച്ച് ഭഗവാന് തൂശനിലയിൽ വിഭവങ്ങൾ വിളമ്പിയ ശേഷം, വിശിഷ്ട അതിഥികൾ ക്ഷേത്രത്തിന് വലം വച്ച് അഷ്ടമിരോഹിണി സദ്യയുടെ ക്രമീകരണങ്ങൾ വിലയിരുത്തുകയും പിന്നീട് ക്ഷേത്രക്കടവിൽ പള്ളിയോടങ്ങളുടെ വരവ് കാണുകയും ചെയ്തു. തുടർന്ന് വടക്കേ മാളികയിൽ വള്ളസദ്യയിൽ പങ്കെടുത്തു.
മുൻ എംഎൽഎമാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, എ. പത്മകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. അജയകുമാർ, ഓമല്ലൂർ ശങ്കരൻ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബി.കൃഷ്ണകുമാർ, വിജയാനന്ദാശ്രമം മഠാധിപതി മാതാ കൃഷ്ണാനന്ദ പൂർണ്ണിമാമയി ജില്ലാ പോലീസ് മേധാവി ആനന്ദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
11:30യ്ക്ക് ആരംഭിച്ച സദ്യ 3.30 വരെ നീണ്ടു. ക്ഷേത്രത്തിൽ എത്തിയവർക്ക് എല്ലാം തന്നെ വിഭവസമൃദ്ധമായ സദ്യ നൽകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം ഭാരവാഹികളും.
ഇന്ന് ക്ഷേത്രത്തിൽ അഷ്ടമിരോഹിണി പ്രമാണിച്ച് പ്രത്യേക പൂജകളും അലങ്കാരങ്ങളും നടത്തി. ക്ഷേത്രത്തിൽ നടന്നു വരുന്ന വഴിപാട് വള്ളസദ്യാ സമർപണം ഒക്ടോബർ 2 ന് സമാപിക്കും