തിരുവല്ല: മയക്കുമരുന്നുകച്ചവടവുമായി ബന്ധമുണ്ടെന്ന് പോലീസിൽ അറിയിച്ച വിരോധത്താൽ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ രണ്ടു പ്രതികളെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ തങ്കച്ചൻ മകൻ മനുവെന്ന് വിളിക്കുന്ന റ്റിബിൻ വർഗീസ് (32 ), ചുമത്ര താഴ്ചയിൽ കൊച്ചുപറമ്പിൽ വീട്ടിൽ ഷമീർ ഷാജി (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കേസിൽ രണ്ടും മൂന്നും പ്രതികളാണ്. കുറ്റപ്പുഴ ചുമത്ര നടുത്തറയിൽ വീട്ടിൽ സി സി സജിമോനാണ് ആക്രമികളുടെ മർദ്ദനമേറ്റത്. ഇദ്ദേഹത്തിന് അറിയുന്നവരാണ് നാലുപ്രതികളും, ഒന്നാം പ്രതി ചന്തു എന്ന അഭിമന്യുവും, നാലാം പ്രതി നിതിനുമാണ്. ഇവർക്കായി തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
അറസ്റ്റിലായവരുൾപ്പെടെ നാലുപേർ ചേർന്നാണ് സജിമോനെ ആക്രമിച്ചത്. 17 ന് വൈകിട്ട് 5.30 ന് ചുമത്ര എസ് എൻ ഡി പി മന്ദിരത്തിനടുത്ത് ബൈക്കിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ, കാറിലെത്തിയ പ്രതികളിൽ ഒന്നും രണ്ടും പ്രതികൾ ആദ്യമിറങ്ങി മർദ്ദിക്കുകയായിരുന്നു. അഭിമന്യു ആദ്യം സജിമോന്റെ നെഞ്ചിൽ ചവുട്ടി താഴെയിട്ടു. ബൈക്കിൽ നിന്നും നിലത്തുവീണ സജിമോനെ ഇരുവരും ചേർന്ന് മർദ്ദിച്ചു.
ഈസമയം കാറിൽ നിന്നിറങ്ങിവന്ന മൂന്നും നാലും പ്രതികൾ കയ്യിലിരുന്ന ആയുധം കൊണ്ട് മുഖത്ത് ഇടിച്ചു, ഇടിയിൽ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും മുഖത്തും ചുണ്ടിലും മുറിവുണ്ടാവുകയും ചെയ്തു. അവശനായ സജിമോൻ എണീൽക്കാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന്
ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തുകൊണ്ട് മൂന്നാം പ്രതി കമ്പിവടി കൊണ്ട് തലയ്ക്കടിച്ചുവെങ്കിലും സജിമോൻ കൈകൊണ്ട് തടഞ്ഞതിനാൽ തലയ്ക്ക് കൊണ്ടില്ല.
ഓടിക്കൂടിയവർ ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ പറ്റി വിവരം ലഭിച്ച പോലീസ്, ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി, എസ് ഐ പി അജിജോസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയ പോലീസ് ടിബിനെയും ഷമീറിനെയും തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്തു നിന്നും ഉടനടി കസ്റ്റഡിയിൽ എടുത്തു.
ചികിത്സയിൽ കഴിയുന്ന സജിമോനെ പ്രതികളുടെ ഫോട്ടോ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.