ആറന്മുള : ഓട്ടോറിക്ഷ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി ഇല്ലെന്ന് പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നും ഫോണും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി.
കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാ ഭവനിൽ രാജപ്പ(68)ന്റെ പോക്കറ്റിൽ നിന്നാണ് 500 രൂപയും മൊബൈൽ ഫോണും മോഷ്ടാക്കൾ കവർന്നത്. ഫോണിന് 10,000 രൂപ വിലവരും
ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം. എ ജിതിൻകുമാർ ( അച്ചു -26) എന്നിവരാണ് അറസ്റ്റിലായത്. 19 ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുമ്പോൾ ഇയാൾ സുഹൃത്തും രണ്ടാം പ്രതിയുമായ ജിതിൻ കുമാറിനൊപ്പം സ്കൂട്ടറിൽ രാജപ്പന്റെ അരികിലെത്തി. സ്കൂട്ടറിൽ നിന്നിറങ്ങിവന്ന് 50 രൂപ ആവശ്യപ്പെടുകയും, കയ്യിൽ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞ സമയം രാജപ്പന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽ ഫോണും ബലമായി പിടിച്ചെടുത്തു .
തുടർന്ന് ജിതിൻ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ കയറി ഇരുവരും രക്ഷപ്പെട്ടു. രാജപ്പൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസ് കേസെടുത്തു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടിൽ നിന്നും പിന്നീട് കണ്ടെടുത്തു. ഇയാളെയും വാഹനവും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
നഷ്ടമായ ഫോണിന്റെ ഐ എം എ ഐ നമ്പർ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പുതിയ സിം കാർഡ് ഇട്ട് ഫോൺ ഒന്നാം പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളിൽ നിന്നും മൊബൈൽ പോലീസ് സംഘം പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.