ന്യൂഡല്‍ഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നൽകാനാണ് ശ്രമമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
നേരത്തെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ന്യൂഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് കേന്ദ്രമന്ത്രി സന്ദർശിച്ചു.
അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പ് ബംഗളാളിലും അസമിലും അടുത്തിരിക്കെയാണ് ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നത്.
അസമിലെ രണ്ടും ബംഗാളിലെ ഏഴും ജില്ലകളിലൂടെയാണ് സർവീസ്. ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 16 കോച്ചുകളാണുണ്ടാവുക. സുഗമമായ ദീര്‍ഘദൂര യാത്രയ്‌ക്ക് അനുയോജ്യമായ തരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്.






