തിരുവനന്തപുരം : കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെയും നേതൃത്വത്തിൽ ജനുവരി 18 മുതൽ 25 വരെ സഭൈക്യ പ്രാർത്ഥന വാരം നടത്തുന്നു. “നീ ഇത് വിശ്വസിക്കുന്നുവോ ” എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. 18 ന് വൈകിട്ട് 5.30 ന് തിരുവല്ല കാരയ്ക്കൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
19 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപറമ്പിൽ, മോർ ഐറേനിയസ് പലോസ് മെത്രാപോലീത്ത, ബിഷപ്പ് മാർ ആൻ്റണി വാലുങ്കൽ എന്നിവർ നേതൃത്വം നല്കും. 20ന് തിരുവല്ല കിഴക്കൻ മുത്തൂർ സെൻറ് പോൾസ് മാർത്തോമാ പള്ളിയിൽ നടക്കുന്ന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് ഡോ.തോമസ് കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
21ന് മുളന്തുരുത്തി ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നടക്കുന്ന സമ്മേളനം ബിഷപ്പ് ഡോ.ജോർജ് മഠത്തിക്കണ്ടം ഉദ്ഘാടനം ചെയ്യും. ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 22ന് കോഴിക്കോട് സി എസ് ഐ കത്തീഡ്രലിൽ നടക്കുന്ന സമ്മേളനം ബിഷപ്പ് വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടർ അധ്യക്ഷത വഹിക്കും.
23ന് കടുത്തുരുത്തി സെൻ്റ് മേരിസ് സീറോ മലബാർ പള്ളിയിൽ നടക്കുന്ന സമ്മേളനം ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 24ന് തൃശ്ശൂർ മാർത്തമറിയം വലിയ പള്ളിയിൽ നടക്കുന്ന സമ്മേളനം സി ബി സി ഐ പ്രസിഡൻറ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 25ന് പട്ടം സെൻ്റ് മേരിസ് ക്യാമ്പസിലെ കാതോലിക്കേറ്റ് സെൻററിൽ നടക്കുന്ന സമാപന സമ്മേളനം കെ സി ബി സി പ്രസിഡൻറ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെ സി സി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഇത് കൂടാതെ കേരളത്തിലകത്തും പുറത്തുമുള്ള വിവിധ സോണുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനാവാര ചടങ്ങുകൾക്ക് വിവിധ സഭാ പിതാക്കന്മാർ നേതൃത്വം നൽകുമെന്ന് കെസിബിസി എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ഡാനിയേൽ ബഥേൽ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവർ അറിയിച്ചു.