തിരുവനന്തപുരം : പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിൽ ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31)പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് രഞ്ജിത്ത് പിടിയിലായത്.
മുതിയാവിളയിലെ വാടകവീടിനു സമീപം റബർ പുരയിടത്തിൽ മെയ് 9നാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. മർദനമേറ്റാണു മായ മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. രഞ്ജിത്ത് മായയെ സ്ഥിരമായി മർദിച്ചിരുന്നതായി ബന്ധുക്കളും പരിസരവാസികളും മൊഴി നൽകിയിരുന്നു .
മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തിയ രഞ്ജിത്ത്, ഭർത്താവ് മരിച്ച മായാ മുരളിയുമായി സൗഹൃദത്തിലാവുകയും എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു.