ശബരിമല: ശബരിമല ഉത്സവത്തിന് തിങ്കൾ രാത്രി സമാപനമായി. പമ്പയിൽ നിന്നുള്ള ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് രാത്രി 7 ന് തിരിച്ചെത്തിയതോടെ 10 നാൾ നീണ്ടു നിന്ന പൈങ്കുനി – ഉത്ര ഉൽസവം സമാപിച്ചു. തിങ്കൾ ഉച്ചക്ക് 12നായിരുന്നു പമ്പാനദിയിലെ സ്‌നാനഘട്ടത്തിൽ ഭഗവാന് ആറാട്ട് . തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാർ, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം, കൊച്ചിൻ മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ, ദേവസ്വം സെക്രട്ടറി ജി.ബിജു, സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി.
ആറാട്ട് പൂജകൾക്കും ആറാട്ടിനുംശേഷം ദേവനെ പമ്പാ ഗണപതികോവിലിലെ മണ്ഡപത്തിലേക്ക് എഴുന്നളളിച്ചിരുത്തി. തുടർന്ന് ഭക്തർക്ക് ദർശനത്തിനും പറയിടുന്നതിനും സൗകര്യമൊരുക്കി. വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്തേക്ക് തിരിച്ചു. ശരണപാതയിൽ ഭക്തർ ശരണംവിളിച്ചും പറകളിട്ടും സ്വീകരണം നൽകി.
ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയതോടെ പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി. ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയ്ക്കു ശേഷം നട അടച്ചു. വിഷു ഉത്സവത്തിനായി ഏപ്രിൽ 10ന് വൈകിട്ട് 5ന് നടതുറക്കും.