ആലപ്പുഴ: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരിൽ ഏറ്റവും നല്ല ഡ്രൈവർ, കണ്ടക്ടർ എന്നിവരെ തിരഞ്ഞെടുത്ത് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സദ്സേവന പുരസ്കാരം നൽകി ആദരിച്ചു. ആലപ്പുഴ ജില്ലാ പരിധിയിലെ ബസ് റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിരീക്ഷിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഏറ്റവും സുരക്ഷിതമായും അപകടകരഹിതമായും ബസ് ഓടിച്ച ആലപ്പുഴ-റെയിൽവേ സ്റ്റേഷൻ റൂട്ടിൽ സർവീസ് നടത്തുന്ന ഫിർദൗസ് ബസിൻ്റെ ഡ്രൈവർ എ ഷാജിമോൻ, യാത്രക്കാരോടുള്ള സൗമ്യവും മര്യാദാപൂർണവുമായ പെരുമാറ്റത്തിന് ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന കണ്ടനാടൻ ബസിലെ കണ്ടക്ടർ പി എസ് സോമനാഥൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ആലപ്പുഴ ആർടിഒ ദിലു എ കെ ഇരുവരെയും സേവന പുരസ്കാരമായി മെഡൽ നൽകി ആദരിച്ചു. ചടങ്ങിൽ ബസ് ഉടമ സംഘടനകളുടെ ഭാരവാഹികൾ, ബസ് തൊഴിലാളി സംഘടനാ ഭാരവാഹികൾ, ആർ ടി ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.