തിരുവല്ല : മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയിൽ സമത്വസുന്ദരമായ ഒരു ലോകത്തെ കവിതയിലൂടെയും ഗാനങ്ങളിലൂടെയും സൃഷ്ടിച്ച വയലാറിന്റെ സമഗ്രജീവചരിത്രം വയലാർ രാമവർമ്മ; ഒരു കാവ്യജീവിതം’ പ്രകാശനം ഒക്ടോബർ 27ന്. മുമ്പ് കെപി എ സി സുലോചനയുടെയും ജീവചരിത്രമെഴുതി ശ്രദ്ധനേടിയ ഡോ. രാജീവ് പുലിയൂരാണ് പുസ്തകത്തിന്റെ രചയിതാവ്.
ചെങ്ങന്നൂർ പുലിയൂർ സ്വദേശിയാണ്. ബാല്യകാലം അമ്മവീടായ തിരുവല്ല കുഴിവേലിപ്പുറത്തായിരുന്നു. അഴിയിടത്തുചിറ ഗവ. ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ ചങ്ങനാശേരി പായിപ്പാട് പ്രവർത്തിക്കുന്ന കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പാൾ കൂടിയാണ്. ബയോഫിക്ഷൻ ശൈലിയിലുള്ള വയലാർ രാമവർമ്മയുടെ ആദ്യ സമഗ്രജീവചരിത്രമാണ് ‘വയലാർ രാമവർമ്മ ഒരു കാവ്യജീവിതം’ മനോഹരവും അസാധാരണ മികവുമുള്ള വയലാറിന്റെ ജീവിത കഥയാണ് രാജീവ് പുലിയൂർ പറയുന്നത്.
കവിയുടെ ജീവിതത്തിലെ നിരവധി കഥാസന്ദർഭങ്ങൾ കഥകളായി കേരളം മുഴുക്കെ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അതൊന്നുമല്ലാതെ കൃത്യമായ പഠനത്തിലൂടെയും വിവരശേഖരണത്തിലൂടെയും വർഷങ്ങൾ എടുത്ത ശ്രമമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്, രാജീവ് പുലിയൂർ പറയുന്നു. വയലാറിനെക്കുറിച്ചുള്ള പുസ്തകങ്ങൾക്കു പുറമെ നിരവധി നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്.
27 ന് വയലാർ സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ്മ, ആലങ്കോട് ലീലാകൃഷ്ണൻ, വി.ആർ സുധീഷ് എന്നിവർ പങ്കെടുക്കും.