പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വവും എഐവൈ എഫിൻ്റെ സംസ്ഥാന കമ്മറ്റി അംഗത്വവും രാജിവച്ചു. പാർട്ടി നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഏറെ നാളായി സി പി ഐ ജില്ലാ കമ്മിറ്റിയിൽ നിലനിന്ന ഭിന്നതയാണ് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ രാജിയിലൂടെ പുറത്തു വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗമായി 5 വർഷം പൂർത്തിയാക്കുന്നതിന് ഒരു മാസം മാത്രം ശേഷിക്കെയാണ്, ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി.
സി പി ഐ ജില്ലാ സെക്രട്ടറി ആയിരുന്ന എ പി ജയനെതിരെ അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണമുയർത്തി ശ്രീനാദേവി സി പി ഐ നേതൃത്വത്തിന് പരാതിനൽകുകയും പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എ പി ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നതടക്കമുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി എപി ജയൻ പക്ഷം, ശ്രീനാദേവിക്ക് വാഗ്ദാനംചെയ്തിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി നിഷേധിക്കുകയും ചെയ്തിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവിക്ക് സിപിഐ യുമായി യാതൊരു ബന്ധവുമില്ല എന്ന തരത്തിൽ പ്രസ്താവനയും നടത്തിയിരുന്നു. ഇതും ശ്രീനാദേവി കുഞ്ഞമ്മയെ ചൊടിപ്പിച്ചിരുന്നു. സ്ത്രീ സംരക്ഷണത്തെപ്പറ്റി ഏറെ പറയുന്ന പാർട്ടിയിൽ നിന്നും, മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചു കൊണ്ടുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി .
ശ്രീനാദേവികുഞ്ഞമ്മ കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കും എന്നും അഭ്യൂഹം ശക്തമാണ്.




                                    

