തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 13-ാമത് ദേവീ ഭാഗവത നവാഹ യജ്ഞത്തിനും താലപ്പൊലി ഉത്സവത്തിനും തുടക്കമായതോടെ ക്ഷേത്രത്തിലെ അന്നദാനപ്പുരയും ഇന്നു മുതൽ സജീവമാകുന്നു. രുചിപ്പെരുമയുടെ വൈവിധ്യത്താൽ വിഭവ സമൃദ്ധമാണ് ക്ഷേത്രത്തിലെ അന്നദാനപ്പുര. നവാഹ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്ക് ഇന്ന് രാവിലെ മുതൽ 3 നേരം നടക്കുന്ന അന്നദാനത്തിൽ പങ്കെടുത്ത് ഭഗവത് പ്രീതി സ്വന്തമാക്കാം.
ഇന്ന് രാവിലെ ഇഡലി, സാമ്പാർ, ചട്നി എന്നിവയും ഉച്ചയ്ക്ക് പാൽപ്പായസം അടങ്ങിയ വിഭവ സമൃദ്ധമായ ഊണും വൈകിട്ട് കഞ്ഞിയും കാത്തോരനും അച്ചാറും ഉൾപ്പെടുന്ന അന്നദാനത്തിൽ പങ്കെടുക്കാം. വ്യത്യസ്ത രുചിഭേദങ്ങളുള്ള മറ്റു വിഭവങ്ങളും അന്നദാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യജ്ഞം സമാപിക്കുന്ന 28 വരെയും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.
ദിവസവും ഏകദേശം 1500 ഓളം പേർക്കാണ് അന്നദാനം ഒരുക്കുന്നത്. കാവുംഭാഗം സ്വാമീസ് കാറ്ററിംഗ് ആണ് അന്നദാനം തയ്യാറാക്കുന്നത്. ഉടമ ഉണ്ണി പുറയാറ്റിൻ്റെ നേതൃത്വത്തിൽ ഗോപകുമാർ, മധു, അജികുമാർ തുടങ്ങിയവരാണ് പാചകശാലയിൽ വിഭവങ്ങൾ തയ്യാറാക്കുന്നത്. യജ്ഞത്തിൻ്റെ സമാപന ദിവസങ്ങളിൽ ഭക്തരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് ഊട്ടു പുരയിൽ വിഭവങ്ങളും അധികമായി തയ്യാറാക്കുമെന്ന് ഉണ്ണി പുറയാറ്റ് ദേശം ന്യൂസിനോട് പറഞ്ഞു.
ദേവീ ഭാഗവത നവാഹ യജ്ഞത്തിന് മുന്നോടിയായി വിഗ്രഹ ഘോഷയാത്രയും തുടർന്ന് ഭദ്രദീപ പ്രതിഷ്ഠയും വെള്ളിയാഴ്ച നടന്നു. യജ്ഞാരംഭ ദിവസമായ ഇന്ന് രാവിലെ 10 ന് ശനീശ്വര പൂജയും 11 ന് ധന്വന്തരി പൂജയും നടക്കും.12 മണിക്ക് ഭാഗവത ഹംസം മണികണ്ഠ വാര്യരുടെ പ്രഭാഷണം ഉണ്ടായിരിക്കും. 1 മണിക്ക് മതിൽ ഭാഗം ശ്രീവല്ലദേശ നാരായണീയ സമിതിയുടെ നാരായണിയ പാരായണം, തുടർന്ന് അന്നദാനം, രാത്രി 8 ന് കിഴക്കും മുറി കാർത്യായനി തിരുവാതിര സംഘത്തിൻ്റെ തിരുവാതിര, തുടർന്ന് താളിയാട്ട് കുമാരി ശ്രേയ എസ്. നായരുടെ നൃത്ത നൃത്ത്യങ്ങൾ എന്നിവ നടക്കും.






