തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും.സഭ തുടങ്ങിയതോടെ പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു . ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎൽഎമാർ സഭയിൽ പാടി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു.
പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് രംഗത്തെത്തി. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു.സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്ന് മന്ത്രിമാരായ ശിവൻകുട്ടിയും വീണ ജോർജും ചോദിച്ചു .ഇതോടെ പ്രതിപക്ഷം ബഹളം വെച്ച് നടുത്തളത്തിലിറങ്ങി. ബാനർ കൊണ്ട് സ്പീക്കറുടെ ഇരിപ്പിടം മറച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.






