കോട്ടയം : പ്ലസ് വൺ തലം മുതൽ മുകളിലേക്ക് ഉപരി പഠനം നടത്തുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മതസ്ഥരായ 550 വിദ്യാർത്ഥികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മാനവ ശക്തികരണ വിഭാഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്പെഷ്യൽ സ്ക്കോളർഷിപ്പ് സമ്മാനിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന ചടങ്ങ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
പങ്കുവെക്കലാണ് മനുഷ്യജീവിതത്തിന്റെയും മാനവസ്നേഹത്തിന്റെയും അടിസ്ഥാനമമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. പഠിച്ച് ജോലി നേടുമ്പോൾ പഠനത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാൻ മനസുള്ളവരായിത്തീരണം. സഭ നൽകുന്ന കൈത്താങ്ങൽ ഒരു പ്രസാദം പോലെയോ നേർച്ചഭക്ഷണം പോലെയോ കണക്കാക്കാം. മുന്നോട്ടുളള ജീവിതത്തിൽ അത് അനുഗ്രഹത്തിന് കാരണമായി തീരാൻ സഭയുടെ പ്രാർത്ഥനയുണ്ടാകുമെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
പ്ലസ് ടു, നഴ്സിംഗ്, എഞ്ചിനീയറിംഗ്, മെഡിസിൻ തുടങ്ങി ഓരോ വിദ്യാർത്ഥിയുടെയും ആവശ്യങ്ങൾക്ക് അനുസൃതമായാണ് സ്കോളർഷിപ്പ് തുക വകയിരുത്തിയത്. തെലങ്കാനയിലെ യാച്ചാരത്തുള്ള സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാമിലെ കുഷ്ടരോഗികളുടെ മക്കളും സ്കോളർഷിപ്പിന് അർഹരായി.
ഞാലിയാകുഴി മാർ ബസേലിയോസ് ദയറ സുപ്പീരിയർ ഫാ. മത്തായി റമ്പാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഡോ ബിജേഷ് ഫിലിപ്പ്, ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. വർഗീസ്, കെ. ജെ. ജേക്കബ് കൊച്ചേട്ട്, ജോർജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജോളി അടിമത്ര ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള മുഴുവൻ തുകയും സഭക്ക് കൈമാറിയത് ഐക്കൺ ചാരിറ്റീസ് സംഘടനയാണ്






