പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകനെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗം പത്തനംതിട്ട സ്വദേശി സഞ്ജു മനോജ് (24), സുഹൃത്ത് മുഹമ്മദ് ആഷിഫ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞ് നിർത്തി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടി കൂടുകയായിരുന്നു.
ബ്ലോക്ക് സമ്മേളനത്തിൽ ഇന്ന് പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു സഞ്ജു മനോജ്. എന്നാൽ സംഘടനയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് ആർ എസ് എസ് വിട്ട് ഡിവൈഎഫ്ഐയിലേക്ക് എത്തിയവരിൽ ഒരാളാണ് സഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്.






