പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും
ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം ഉണ്ടാകും. കിഫ്ബിയുമായി സഹകരിച്ച് നിലക്ക്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇത്തവണത്തെ തീർഥാടനം തുടങ്ങുന്നതിന് മുൻപ് അവ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യും. തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഈ മാസം 17 ന് സംസ്ഥാനതല അവലോകന യോഗം തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു
അതേ സമയം ഇത്തവണ ശബരിമല സീസണിൽ അരവണയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വനം വികസന കോർപ്പറേഷനിൽ നിന്ന് ഏലയ്ക്ക വാങ്ങാൻ ധാരണയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു.
കിലോയ്ക്ക് 2, 600 രൂപ നിരക്കിലാണ് ഏലയ്ക്ക നേരിട്ട് വാങ്ങുന്നത്. സ്വകാര്യ ഏജൻസികൾ ഇതിന് ഉയർന്ന തുകയാണ് ബോർഡിനെ അറിയിച്ചത്. ഈ സീസണിൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതായും വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു