തിരുവല്ല: ഗണപതിക്കോലവും പക്ഷിക്കോലവും കരിമറുതയും സുന്ദരയക്ഷിയും കാലൻ കോലവുമെല്ലാം ഉറഞ്ഞ്തുള്ളി കളം ഒഴിഞ്ഞപ്പോൾ, ആദ്യമായി കണ്ടവർക്ക് അത്ഭുതവും ഒപ്പം ആവേശവും. പെരിങ്ങര ഗവ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണി മുതൽ കുറ്റൂർ ഭൈരവി പടയണി സംഘത്തിന്റെ നേതൃത്വത്തിൽ പടയണി അവതരിപ്പിച്ചത്.
പെരിങ്ങര ഗവ. എച്ച്എസ്എസ് വിദ്യാർത്ഥികളായ ആദിനാഥ് പി രാജീവ്, ഋഷികേശ് പി രാജീവ് ദക്ഷജ് ദീപു, ആദിത്യൻ എസ് എന്നിവരും അവതരണത്തിൽ പങ്കെടുത്തു. പുലവൃത്തത്തെ തുടർന്ന്, ഗണപതിക്കോലം, പക്ഷിക്കോലം, കരിമറുത, സുന്ദരയക്ഷി, കാലൻ കോലം തുടങ്ങിയ കോലങ്ങളുടെ അവതരണമാണ് നടന്നത്. പത്തനംതിട്ടയുടെ തനത് അനുഷ്ഠാനകലാരൂപമായ പടയണി വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടാനുള്ള അപൂർവ അവസരമായും അവതരണം മാറി.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത പടയണി കലാകാരനുമായ പ്രസന്നകുമാർ തത്വമസി ഓരോ കോലത്തിന്റെയും സവിശേഷതയും അതിനു പിന്നിലെ ഐതിഹ്യവും പടയണിപ്പാട്ടുകളുടെ ആശയവും വിശദീകരിച്ചു.
വായിച്ചറിയുന്നതിനപ്പുറം ഒരു കലാരൂപത്തെ നേരിൽ കാണാനും അതിന്റെ സവിശേഷതകൾ മനസ്സിലാക്കാനും കുട്ടികൾക്ക് ലഭിച്ച അവസരം കൂടിയായിരുന്നു ഇത്. നമ്മുടെ മണ്ണിന്റെയും മനുഷ്യരുടെയും സംസ്കാരത്തെ അടുത്തറിയാൻ സഹായിച്ച, മനസ്സിൽ മായാതെ നിൽക്കുന്ന ഒരു കലാനുഭവം കൂടിയായി പടയണി അവതരണം മാറി.





