തിരുവല്ല : ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ദേശീയ പ്രസിഡന്റിന്റെ കർമ്മപദ്ധതികളുടെ ഭാഗമായി ഐഎപി പത്തനംതിട്ട ശാഖയുടെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുതര ശ്വാസകോശസാംക്രമിക രോഗങ്ങളുടെ ചികിത്സയും പ്രതിരോധവും എന്ന വിഷയത്തിൽ ദേശീയ ശിൽപ്പശാല നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു. ഐ എ പി പത്തനംതിട്ട പ്രസിഡൻറ് ഡോ റെനി വർഗീസ് അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ദക്ഷിണമേഖല വൈസ് പ്രസിഡൻറ് ഡോ ശിങ്കാരവേലു മുഖ്യപ്രഭാഷണം നിർവഹിക്കുകയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ഗിരിജ മോഹൻ , ഡോ റോയ് അലക്സാണ്ടർ , ഡോ ഗോൾഡി ഉദയൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗം മേധാവി ഡോ. ജിജോ ജോസഫ് ജോൺ, ഡോ ജയകുമാർ പി ആർ , ഡോ ബാലചന്ദ്രൻ, ഡോ ബിനുക്കുട്ടൻ, പത്തനംതിട്ട ഐ എ പി സെക്രട്ടറി ഡോ ബിപിൻ സാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ശിൽപ്പശാലയിൽ കുട്ടികളെ ബാധിക്കുന്ന വിവിധ ശ്വാസകോശരോഗങ്ങളെപ്പറ്റിയും പ്രതിരോധകുത്തിവെപ്പുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിശദമായ പാനൽ ചർച്ചകൾ നടന്നു. പത്തനംതിട്ട കോട്ടയം കൊല്ലം ജില്ലകളിൽ നിന്നായി 50 ഓളം ശിശുരോഗ വിദഗ്ധർ പ്രസ്തുത ശില്പശാലയിൽ പങ്കെടുത്തു.