തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂർ കോഴിമല കുരിശുകവലയ്ക്ക് സമീപം തൈപ്പറമ്പിൽ വീട്ടിൽ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ് (44) ആണ് കാപ്പ നടപടിക്ക് വിധേയനായത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ കഴിഞ്ഞ നവംബർ 12 ലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും, കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ 6 കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.
പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം നിൽക്കുന്ന വിധം ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, അന്യായ തടസ്സം ചെയ്യൽ, സ്ത്രീകളോട് മോശമായി പെരുമാറൽ, സ്ത്രീകൾക്ക് നേരെ കയ്യേറ്റം, ഭവന കൈയേറ്റം, കുറ്റകരമായ നരഹത്യാശ്രമം, സർക്കാർ സ്ഥാപനത്തിൽ മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ പ്രതി ചെയ്തുവരികയാണ്.
കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച 6 കേസുകൾ കൂടാതെ, തിരുവല്ല പോലീസ് എടുത്ത 4 കേസുകളിലും, ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. 2014 മുതൽ അടിക്കടി സമാധാനലംഘനം നടത്തിവന്ന പ്രതിക്കെതിരെ നല്ലനടപ്പ് ജാമ്യം സംബന്ധിച്ച് തിരുവല്ല എസ് ഡി എം കോടതിക്ക്, തിരുവല്ല പോലീസ് നൽകിയ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്.