തൃശ്ശൂർ : അഡ്വ. യു.പ്രതിഭ MLAക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. സംഭവത്തിൽ ഒരു അമ്മയും ജനപ്രതിനിധിയുമായ വ്യക്തിക്ക് നേരെ സൈബർ ആക്രമണം നടത്തി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാനാവില്ലന്നും എന്തിന്റെ പേരിൽ ആണെങ്കിലും വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി പ്രതിഷേധാർഘമാണെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു .
സിപിഎം നേതൃത്വത്തിന്റെ അറിവോടെ പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ കുടുക്കിയതോ കുടുങ്ങിയതൊ ആണെന്നാണ് സംഭവത്തിൽ ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.
മുൻപ് യു. പ്രതിഭയ്ക്ക് നേരെ സ്വന്തം പാർട്ടിയിൽ നിന്നും പടയൊരുക്കം ആരംഭിച്ചിരുന്നു. ആലപ്പുഴയിലെ ചില ജില്ലാ നേതാക്കൾ തുടങ്ങിവെച്ച കലഹം ചില പ്രാദേശിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും പിന്നീട് വിഷയം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
തനിക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെകുറിച്ച് എംഎൽഎ അന്ന് വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ മകനെ ആയുധമാക്കിക്കൊണ്ട് തന്നെയും തകർക്കാനുള്ള രാഷ്ട്രീയ, മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നതെന്നും പ്രതിഭ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.