പത്തനംതിട്ട: എൺപതുകാരിയും രോഗബാധിതയുമായ വൃദ്ധയ്ക്കുനേരെ ബലാൽസംഗശ്രമം നടത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കോന്നി പോലീസ് പിടികൂടി. കോന്നി വി കോട്ടയം വകയാർ കൊല്ലൻപടി മുകളുവിള വീട്ടിൽ പൊടിയ(74)നാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചകയറിയ ഇയാൾ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. വൃദ്ധയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട് മകൾക്കൊപ്പമാണ് താമസം, ഈ സമയം മകൾ വീട്ടിൽ ഇല്ലായിരുന്നു.
ബ്രെഡുമായി എത്തിയ ഇയാൾ, അത് കൊടുത്തപ്പോൾ വയോധിക എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇയാളെ അവർ തള്ളിമാറ്റാൻ ശ്രമിക്കവേ, സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു വേദനിപ്പിക്കുകയും, പിടിവലിയ്ക്കിടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. അലർച്ചയും ബഹളവും കേട്ട് മകൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.
വയോധികയുടെ മൊഴിയെടുത്ത കോന്നി പോലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ സംഭവശേഷം മുങ്ങിയ പ്രതിയെ വകയാറിൽ നിന്നും കസ്റ്റഡിയിലെടുത്തു.
പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്തിനൊപ്പം, എസ് ഐ പ്രഭ, പ്രോബെഷൻ എസ് ഐ ദീപക്, സി പി ഓ മാരായ അരുൺ, റോയ്, അഖിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.