പത്തനംതിട്ട : കണ്ണൂർ എ ഡി എം നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അന്വേഷണപരിധിയിൽ കണ്ണൂർ ജില്ലാകലക്ടറെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരുടെ യോഗത്തിലേക്ക് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കടന്നുചെന്ന് എഡിഎംനെ അധിക്ഷേപിച്ചപ്പോൾ കളക്ടർ എന്തുകൊണ്ട് വിലക്കിയില്ല. സംഭവത്തെപ്പറ്റി ഒരു അന്വേഷണവും നടത്താതെ ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും സർക്കാർ ജനത്തിൻ്റെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.