തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, നാല് ബ്ലോക്ക് പഞ്ചായത്ത്, ആറ് മുനിസിപ്പാലിറ്റി, 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 169 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് .വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷിയടയാളം പൂര്‍ണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണീ മാറ്റം. വോട്ടെണ്ണല്‍ ജൂലൈ 31 നാണ്. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.