ആലപ്പുഴ : കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകൃഷിയെ തകർത്ത് വിശാല കുട്ടനാടിനെ കൊല്ലാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി ജെ ലാലി ആവശ്യപ്പെട്ടു.15 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നെൽ കർഷകർ ആലപ്പുഴ കലക്ട്രേറ്റിനു മുമ്പിൽ നടത്തുന്ന കർഷക ധർണക്കു മുന്നോടിയയുള്ള മേഖലാ സമര പ്രഖ്യാപന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വശത്ത് ഉപ്പുവെള്ളത്തെ നിയന്ത്രിക്കാതെ കൃഷിയെ തകർക്കുകയും മറുവശത്തു കിഴിവ് കൊള്ളക്ക് കൂട്ടുനിൽക്കുകയും സംഭരണ പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്ന സർക്കാർ പ്രതിക്കൂട്ടിലാണെന്നും വി ജെ ലാലി പറഞ്ഞു.മേഖലാ പ്രസിഡന്റ് ബാബു ജേക്കബിന്റെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി ആർ സതീശൻ മുഖ്യ പ്രസംഗം നടത്തി. വിശാല കുട്ടനാട്ടിൽ ആകമാനം നിറഞ്ഞിരിക്കുന്ന ആഫ്രിക്കൻ പായൽ നീക്കം ചെയ്യുവാൻ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് എൻ കെ എസ് എസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
വർക്കിങ് പ്രസിഡന്റ് ലാലിച്ചൻ പള്ളി വാതുക്കൽ, സെക്രട്ടറി ശർമ വാലടി, സ്റ്റീയറിങ് കമ്മിറ്റിയങ്ങങ്ങളായ ജിക്കു കുര്യായാക്കോസ്, പാപ്പച്ചൻ നേര്യംപറമ്പിൽ, സുഭാഷ് കുമാർ, രാധാകൃഷ്ണൻ വാലടി, ശാമുവൽ കെ സി, തോമസ് ആന്റണി, മത്തായി ളാകയിൽ,കെ ജി ബാലകൃഷ്ണൻ നായർ, കുര്യയാക്കോസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 10 മുതൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് റജീന അഷ്‌റഫ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് എന്നിവർ അറിയിച്ചു.






