തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്.
1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ. കേരളത്തിന്‍റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം.
സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ (സി. സി. ഐ), ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍ (ഇ. സി. സി.) എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.