ചങ്ങനാശേരി: അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകരക്ഷാ നസ്രാണി മുന്നേറ്റവും ലോങ് മാർച്ചും ഇന്ന് നടത്തും. രാവിലെ 9.15നു മങ്കൊമ്പിൽ നിന്നാരംഭിക്കുന്ന ലോങ് മാർച്ച് 3.15നു പെരുന്നയിൽ എത്തിച്ചേരും.
കുട്ടനാട്ടിലെ നെൽക്കർഷകരും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും പങ്കാളികളാകും. തുടർന്നു പെരുന്നയിൽ നിന്ന് എസ്ബി കോളജ് അങ്കണത്തിലേക്ക് അവകാശ സംരക്ഷണാലി നടത്തും.
4.15നു കോളജ് അങ്കണത്തിൽ അവകാശ പ്രഖ്യാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ്രപ്രഭാഷണം നടത്തും.കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
നെല്ല്, നാളികേരം, റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾക്ക് എല്ലാ കാലത്തും വിലസ്ഥിരത ഉറപ്പുവരുത്തുക, ജസ്റ്റിസ്ബെഞ്ചമിൻ കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ട് സമുദായ നേതൃത്വങ്ങളുമായി ആലോചിച്ച് ഉചിതമായവ നടപ്പിലാക്കുക, കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക, വന്യജീവികളുടെ ആക്രമണത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണു മുന്നോട്ടു വയ്ക്കുന്നത്. 18 ഫൊറോനകളിൽ നിന്നായി 25,000 പേർ പങ്കെടുക്കും.