പത്തനംതിട്ട : സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് നടൻ ജയറാമിന് ഇത്തവണത്തെ ക്യാപ്റ്റൻ രാജു പുരസ്കാരം നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
സ്വഭാവ വേഷങ്ങൾ, ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ, നായകൻ എന്നിങ്ങനെയായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ 252 ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. മിമിക്രി കലാകാരനും ചെണ്ട താള വിദ്വാനും, ഗായകനുമാണ് ജയറാം. പത്മശ്രീ പുരസ്കാരം നേടിയിട്ടുള്ള ജയറാമിന് രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും, തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡും ജയറാം നേടിയിട്ടുണ്ട്.
അനശ്വര നടനായ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ 2020 ൽ ആണ് സിനിമ പ്രേക്ഷക കൂട്ടായ്മ അവാർഡ് സംഘടിപ്പിച്ചത്. ആദ്യ അവാർഡിന് നടൻ ജനാർദ്ദനൻ അർഹനായി, 2021 ൽ സംവിധായകൻ ബാലചന്ദ്ര മേനോൻ, 22 ൽ സംവിധായകൻ ജോണി ആൻ്റണി, 23 ൽ നടൻ ലാലൂ അലക്സ് എന്നിവർ പുരസ്കാരത്തിന് അർഹരായി.
സെപ്റ്റംമ്പർ 17 ന് വൈകിട്ട് 4 ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. ഭാരവാഹികളായ സലിം പി ചാക്കോ, പി സക്കീർ ശാന്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.