പത്തനംതിട്ട : സൗഹൃദത്തിലുള്ള 19 കാരിയെ വീട്ടിൽ കയറി മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പന്നിവിഴ പരുത്തിയിൽ താഴെതിൽ ജോബിൻ ബാബു ( 21)ആണ് പിടിയിലായത്. 25 ന് ഉച്ചക്ക് 2 ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചകയറി കയ്യിലിരുന്ന മൊബൈൽ ചാർജർ കേബിൾ കൊണ്ടും പുറത്തും കൈകാലുകളും അടിക്കുകയായിരുന്നു.
വേദനയും നീരും കാരണം അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നും, യുവതിയോടുള്ള സംശയം മൂലമാണ് ജോബിൻ ഉപദ്രവിച്ചതെന്നും മൊഴിയിൽ വെളിപ്പെടുത്തി.
ഇന്നലെ രാത്രി പിതാവ് ഏനാത്ത് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എസ് സി പി ഓ സിന്ധു എം കേശവൻ മൊഴി രേഖപ്പെടുത്തി. എസ് ഐ ആർ ശ്രീകുമാറാണ് കേസെടുത്തത്. ഇരുവരും മൂന്നുവർഷമായി സൗഹൃദബന്ധത്തിലാണ്, നിരന്തരം ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യാറുമുണ്ട്.
വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് ഇയാൾ അതിക്രമിച്ചകയറി ദേഹോപദ്രവം ഏൽപ്പിച്ചത്. പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.