ആലപ്പുഴ: കുട്ടനാട്ടിൽ കുടിവെള്ളമെത്തിക്കാൻ സർക്കാർ 470 കോടി രൂപ അനുവദിച്ചെന്നും ആറു മാസത്തിനുള്ളിൽ കുട്ടനാട്ടിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തുമെന്നും തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടന്ന നെടുമുടി പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമുടി പഞ്ചായത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ഭവനപദ്ധതി വഴി ഭവന രഹിത ഗുണഭോക്താക്കളിൽ 152 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായും ഹോമിയോ ആശുപത്രി കെട്ടിടം, മൂന്ന് അങ്കണവാടി കെട്ടിടങ്ങൾ എന്നിവ നിർമിച്ചതായും സദസ്സിൽ അവതരിപ്പിച്ച പഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നിലാവ് പദ്ധതി വഴി 493 ലൈറ്റുകൾ സ്ഥാപിച്ചു. സുഭിക്ഷ കേരളം, ഞങ്ങളും കൃഷിയിലേക്ക്, അടുക്കളത്തോട്ടം എന്നിങ്ങനെയുള്ള പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്ത് വിജയകരമാക്കി. കുട്ടികൾക്ക് സ്‌കോളർഷിപ്പ്, സമ്പൂർണ ഡിജിറ്റൽ സാക്ഷരത ഗ്രാമം, സമ്പൂർണ മാലിന്യ മുക്ത ഗ്രാമം, അതിദാരിദ്ര്യ മുക്ത ഗ്രാമം, പ്ലാസ്റ്റിക് മുക്ത ഗ്രാമം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തിന് സാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ചടങ്ങിൽ നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ അധ്യക്ഷയായി. പമ്പയാറ്റിൽ മുങ്ങിത്താഴ്ന്ന സഹോദരിയെ രക്ഷിച്ച വിദ്യാർഥി ശിവപ്രിയ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ എന്നിവരെ സദസ്സിന്റെ ഭാഗമായി ആദരിച്ചു.






