തിരുവനന്തപുരം: ശബരിമലയിൽ സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നു രമേശ് ചെന്നിത്തല. തിരുത്തിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീകളെ നിർബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയിൽ വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ്സ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തർക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.