തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക് ചെയ്തതായി കർഷകർ പറഞ്ഞു. നവംബർ അവസാനം പാടശേഖരത്തിൽ ജ്യോതി ഇനത്തിലുള്ള നെൽവിത്താണ് ഇത്തവണ വിതച്ചത്. പടിവനകം എ, കൂരച്ചാൽ മാണിക്കത്തടി, വേങ്ങൽ എന്നീ പാടശേഖരങ്ങളിലെ കൊയ്ത്ത് വരുന്ന ദിവസങ്ങളായി തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു .
അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് യന്ത്രം ലഭിക്കാത്തതിന്റെ പ്രശ്നങ്ങൾ ഇക്കുറിയുമുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ കാവുംഭാഗത്തെ ഓഫീസിൽ യന്ത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇല്ല. തമിഴ് നാട്ടിൽ നിന്നും ഏജന്റുമാർ മുഖേനയാണ് ഇത്തവണയും യന്ത്രങ്ങൾ എത്തിക്കുന്നത്. മണിക്കൂറിൽ 2000 രൂപയാണ് ഇത്തവണ വാടക. ആലപ്പുഴ ജില്ലയിൽ ചങ്ങാടത്തിൽ എത്തിച്ച് കായലിൽ കൊയ്യുന്നതിന് യന്ത്ര വാടക 2100 ആണ്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ കണക്ക് കൂട്ടുന്നു . മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇല ചുരുട്ടി പുഴുവിൻ്റെയും മുഞ്ഞയുടെയും ശല്യം വലിയ തോതിൽ ഉണ്ടായില്ല.
അതേ സമയം ഈ വർഷം കൃഷി ഇറക്കി ആരംഭ സമയത്ത് പെരിങ്ങര പഞ്ചായത്തിൽ പകുതിയിലേറെ കൃഷി ശക്തമായ മഴയിൽ വെളളം കയറി നശിച്ചിരുന്നു. ഇതിന് പകരമായി വിത്ത് നൽകിയെങ്കിലും കുറച്ച് പേർക്കു മാത്രമെ ലഭിച്ചുള്ളുവെന്ന് കർഷകർ പറഞ്ഞു.