പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമിന്റെ സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാൽ സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 976 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 ന് ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയർത്തും. 30 സെ.മീറ്റര്‍ മുതല്‍ 60 സെ.മീറ്റര്‍ വരെ ഉയര്‍ത്തി പമ്പാനദിയിലേക്ക് ജലം ഒഴുക്കി വിടാനാണ് തീരുമാനം. ഈ ജലം പമ്പാ ത്രിവേണിയിലും റാന്നിയിലും എത്തിച്ചേരും.
നദിയിലെ ജലനിരപ്പ് 30 സെ മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.






