തിരുവല്ല: രാമായണ പാരായണത്തിന്റെ പുണ്യവുമായി കര്‍ക്കിടകമാസം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഹൈന്ദവ വീടുകളില്‍ നിന്നു രാമകഥ ഉയരുകയായി. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു.
മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര ക്ഷേത്രം, പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രം, കല്ലൂപ്പാറ ഭഗവതി ക്ഷേത്രം, തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടത്തി. പുലർച്ചെ മുതൽ നേരിയ മഴ അനുഭവപ്പെട്ടെങ്കിലും കാലാവസ്ഥയെ അതിജീവിച്ച് ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
വീടുകളിൽ പരിസരം വൃത്തിയാക്കി ആദ്യ പടിയായി തിരി തെളിച്ച നിലവിളക്കിനു മുന്നില്‍ മുതിര്‍ന്നവർ രാമായണം വായിച്ചു തുടങ്ങി. പുതുതലമുറക്ക് അത്ര പരിചയമുള്ള കാഴ്ചയല്ലെങ്കിലും കുട്ടികളും മുതിര്‍ന്നവരുടെ ഭാഗമായി.