തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4 ന് 3.30ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അവാർഡുകൾ സമ്മാനിക്കും. കമ്മറ്റി ചെയർമാൻ ഡോ. എസെക്ക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കും.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട് എന്നിവർ പ്രസംഗിക്കും. സീനിയർ വികാരി റവ. ജോർജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മെറിറ്റ് അവാർഡ് ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റും ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ പത്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. റ്റിജു തോമസ് (ഐ.ഐ.റ്റി ചെന്നൈ) ഡോ. ശാരദ പ്രസാദ് പ്രധാൻ (ഐ ഐ റ്റി റൂർക്കി) എന്നിവർക്കുമാണ് നൽകുന്നത്.
മെറിറ്റ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, യുവശാസ്ത്രജ്ഞ അവാർഡ് അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്.