തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 31-ാം ദിവസമായ ഇന്ന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും, പൂജകളും, നിവേദ്യങ്ങളും നടന്നു. വേദപണ്ഡിതന്മാർ ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം പാരായണം നടത്തി.
രാവിലെ 07.30 ന് പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യവർമ്മ എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും എത്തിയിരുന്നു. ജപം കഴിഞ്ഞ് ജപക്കാർക്ക് യോഗത്തുപോറ്റിമാർ ദക്ഷിണ നൽകി. ഉത്രാദിമഠം സ്വാമികളായ സത്യാത്മതീർത്ഥരു ക്ഷേത്രദർശനത്തിനായി എത്തി സ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര ദർശനം കഴിഞ്ഞ് സ്വാമികൾക്ക് ക്ഷേത്രം വക വച്ച് നമസ്കാരവും ദക്ഷിണയും നൽകൽ ചടങ്ങ് നടന്നു.
തുടർന്ന് സ്വാമി അനുഗ്രഹപ്രഭാഷണം നടത്തുകയും ക്ഷേത്രവക ഉപഹാരമായ ഓണവില്ല് സ്വാമിക്ക് തന്ത്രി സതീശൻ നമ്പൂതിരിപ്പാട് നൽകി. ഗവർണർ രാജേന്ദ്ര ആർലേക്കറും ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് 6 ന് സ്വാമിയാർ വടക്കേനടയിൽ അഥർവ്വവേദ ഭഗവാന്റെ വേദമണ്ഡപം ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ക്ഷേത്രതന്ത്രി സതീശൻ നമ്പൂതിരിപ്പാട്, ക്ഷേത്രഭരണസമിതി അംഗം അഡ്വ വേലപ്പൻ നായർ, മാനേജർ രാജ്കുമാർ, ക്ഷേത്രം ഫിനാൻസ് ആന്റ് ഓഡിറ്റ് ഓഫീസർ വെങ്കിടസുബ്രഹ്മണ്യൻ, മാനേജർ എൻ.കെ.അനിൽകുമാർ എന്നിവർ സന്നിഹിതരായി.
നാളെ (21) 4-ാം മുറജപം സമാപിക്കുന്നതോടൊപ്പം രാത്രി 8.30ന് പത്മനാഭസ്വാമിയുടെയും നരസിംഹമൂർത്തിയുടെയും, ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ പള്ളിനിലാവിൽ എഴുന്നള്ളിച്ച് ശ്രീബലി ഉണ്ടായിരിക്കും.






