തൃശ്ശൂർ: അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാരായണീയ മഹോത്സവം വൈകുണ്ഠാമൃതം ഒക്ടോബർ 5 മുതല്‍ 10 വരെ ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറും. പരിപാടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. മാങ്കോട് രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.അവസാന ദിവസമായ ഒക്ടോബർ 10-ന് ‘കേശാദിപാദ വിശ്വദര്‍ശനം’ എന്ന പേരില്‍ മഹത്തായ ആത്മീയ സംഗമം അരങ്ങേറും.
രാവിലെ 10 മണി 10 മിനിറ്റ് 10 സെക്കന്റ് സമയം, ലോകമെമ്പാടുമുള്ള ഭക്തര്‍ ഒരുമിച്ച് നാരായണീയത്തിന്റെ 100-ാം ദശകമായ കേശാദിപാദ വര്‍ണനം പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ ലിങ്ക് വഴി പാരായണം ചെയ്യും. സമ്മേളനങ്ങളിൽ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, എൽ. മുരുകൻ, പുതുച്ചേരി പിഡബ്ല്യൂഡി മന്ത്രി കെ. ലക്ഷ്മീനാരായണൻ, ജെ. നന്ദകുമാർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും.






