കോഴഞ്ചേരി:നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ (വെള്ളി ) നടക്കും.പകൽ 9.50 നും 10.14 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ ആണ് പ്രതിഷ്ഠാ ചടങ്ങുകൾ. മേൽശാന്തി ആറന്മുള പുത്തൻ മഠം ഹരീഷ് ജെ പോറ്റി സഹകാർമികത്വം വഹിക്കും.
മുൻ വർഷം നടന്ന അഷ്ടമംഗല ദേവപ്രശ്ന വിധിപ്രകാരമാണ് ക്ഷേത്ര മതിൽക്കകത്ത് വടക്ക് പടിഞ്ഞാറായി സുബ്രഹ്മണ്യന്റെ ഉപദേവാലയം നിർമ്മിച്ചത്. ഇതിനായുള്ള വിഗ്രഹം കഴിഞ്ഞ ദിവസം ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് വിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, നരസിംഹസ്വാമി ക്ഷേത്രം, പുത്തൻകാവുനട ദേവീക്ഷേത്രം, ഇടനാട്ടിടം ദേവി ക്ഷേത്രം, ആറാട്ടുപുഴ ദേവി ക്ഷേത്രം, മാലക്കര തൃക്കോവിൽ ക്ഷേത്രം, ചെറുപുഴക്കാട്ട് ക്ഷേത്രം, വിളക്കുമാടം, ആറൻമുള ക്ഷേത്രം, മൂർത്തിട്ട ഗണപതി ക്ഷേത്രം കുറിച്ചിമുട്ടം കാണിക്ക മണ്ഡപം വഴി എത്തിച്ചു.
തുടർന്ന് തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിൽ പ്രാസാദ ബിംബ ശുദ്ധി ക്രിയകളും കലശ പൂജകളും നടന്നു. മുൻപ് ഉപദേവതാ സ്ഥാനമായ യക്ഷിയമ്പലം നിന്ന സ്ഥലത്താണ് പുതിയ സുബ്രഹ്മണ്യ ക്ഷേത്രം.തൊട്ടടുത്തായി യക്ഷിയമ്മക്ക് പുതിയ ദേവാലയം നിർമ്മിച്ചു. രണ്ടിടത്തും വിഗ്രഹ പ്രതിഷ്ഠ വെള്ളിയാഴ്ച നടക്കും.പകൽ 12 മുതൽ ക്ഷേത്രത്തിൽ സമൂഹ സദ്യയും വൈകിട്ട് ദീപക്കാഴ്ചയും ഉണ്ടാകും.