ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ കാര്യങ്ങളിലും സതീശൻ അഭിപ്രായം പറയുകയാണെന്നും, സതീശനെ ഇങ്ങനെ അഴിച്ചുവിട്ടാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വി.ഡി. സതീശൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലെ തിണ്ണ നിരങ്ങിയിട്ടുണ്ടെന്ന് സുകുമാരൻ നായർ വെളിപ്പെടുത്തി. ഒന്നര മണിക്കൂറോളം സതീശൻ എൻഎസ്എസിൽ വന്നിരുന്നതാണ്. സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇപ്പോൾ എല്ലാവരുടെയും തിണ്ണ നിരങ്ങി നടക്കുകയാണ് അദ്ദേഹം, സുകുമാരൻ നായർ പരിഹസിച്ചു.
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിനെ സതീശൻ പരിഹസിച്ചതിനെതിരെയും സുകുമാരൻ നായർ പ്രതികരിച്ചു. എല്ലാവരും കാർ കണ്ടു തുടങ്ങുന്നതിനും മുൻപേ കാർ ഉണ്ടായിരുന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






