പത്തനംതിട്ട : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന പോഷക സംഘടനകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വസമ്മേളനം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിസിസിയുടെ മിഷൻ 2025-ന്റെ ഭാഗമായി കോൺഗ്രസ് പോഷക സംഘടന പ്രവർത്തനങ്ങൾ ജില്ലയിൽ താഴെതട്ടിൽ വരെ ശക്തമാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി കർമ്മ പദ്ധതി തയ്യാറാക്കും. പുതിയ പ്രവർത്തകരെ കണ്ടെത്താനും അവർക്ക് പാർട്ടിയിൽ മതിയായ പ്രാതിനിധ്യം നൽകാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി ശ്രമിക്കും. കോൺഗ്രസിന്റെ 22 പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിഞ്ഞ ദിവസം ചേർന്ന പോഷക സംഘടന ജില്ലാ സമ്മേളനം തീരുമാനിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, അലൻ ജിയോ മൈക്കിൾ, ഡോ റോയിസ് മല്ലശ്ശേരി, നഹാസ് പത്തനംതിട്ട, അഡ്വ ടി.എച്ച്.സിറാജുദ്ദീൻ, സണ്ണി കണ്ണംമണ്ണിൽ, മാത്യു പാറക്കൽ, ശ്യാം എസ്. കോന്നി തുടങ്ങിയവർ പ്രസംഗിച്ചു.