വയനാട് : വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്‌ക്കല്ലെന്നും കേന്ദ്രസർക്കാർ അവർക്കൊപ്പം എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്.പണം തടസ്സമാകില്ലെന്നും ഇത്തരം പ്രതിസന്ധികളിൽ സർക്കാരുകൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ വിശദീകരിച്ചു .പുനർനിർമാണത്തിന് 2000 കോടി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
രാവിലെ കണ്ണൂരിൽ നിന്ന് ഹെലികോപ്ടറിൽ വയനാട്ടിലെത്തിയ പ്രധാനമന്ത്രി ദുരന്തസ്ഥലങ്ങളിൽ സന്ദർശനം നടത്തി.ക്യാമ്പിലും വിംസ് ആശുപത്രിയിലും ഉള്ള ദുരന്തബാധിതരുമായി അദ്ദേഹം സംസാരിച്ചു. മുൻ നിശ്ചയിച്ചതിനേക്കാൾ2 മണിക്കൂറോളം താമസിച്ച് വൈകിട്ട് 5.45 ഓടെയാണ് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങിയത്.