ബെംഗളൂരു: ബെംഗളൂരുവിലെ നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റർ ദൂരത്തിലാണ് യെല്ലോ ലൈൻ. ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ നഗരത്തിലെ യാത്രാകുരുക്കിന് പരിഹാരമായി.
5,056.99 കോടി രൂപ മുടക്കിയാണ് ബെംഗളൂരു മെട്രോ യെല്ലോ ലൈൻ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗവർണർ താവർചന്ദ് ഗെലോട്ട് തുടങ്ങിയവർക്കൊപ്പം മോദി മെട്രോയിൽ യാത്രചെയ്തു. യാത്രയ്‌ക്കിടെ മെട്രോയിൽ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു.
നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്‌ക്ക് ഉള്ളത്. നിലവിൽ 25 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് യെല്ലോ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളാണ്. പിന്നീട് 20 മിനിറ്റ് ഗ്യാപ്പിൽ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കും. തിങ്കളാഴ്ച മുതൽ യെല്ലോ ലൈൻ റൂട്ടിൽ സർവീസ് ആരംഭിക്കും.
യെല്ലോ ലൈനും പുറമെ, ഒരു മെട്രോ പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
മെട്രോ ലൈനുകളുടെ ഉദ്ഘാടനത്തിനു പുറമെ മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് ബെളഗാവി, അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ നിന്ന് പൂനെയിലേക്കുമുള്ള ട്രെയിനുകളാണ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ. എസ്. ആർ. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി. കർണാടകയിൽ മാത്രം നിലവിൽ 11 വന്ദേഭാരതുകളാണ് സർവീസ് നടത്തുന്നത്.