തിരുവനന്തപുരം: കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നതെന്നും പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം.
കാർഷിക മേഖല ഉൾപ്പടെ പല മേഖലകളിലും കേന്ദ്ര നയങ്ങളോടുള്ള എതിർപ്പുകളൊടെ പണം സ്വീകരിച്ചിട്ടുണ്ട്. ഇതിലും അങ്ങനെ തന്നെയാണ്. എം.വി ഗോവിന്ദൻ പറഞ്ഞു. എൻ ഇ പി കാര്യത്തിൽ ഇടതു നയം വ്യക്തമാണ്. അതിനെ എതിർക്കുന്നു. ഇത് എല്ലാവരുടെയും പണമാണ്.
കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത്. വിവിധ പദ്ധതികളിൽ കേന്ദ്രം കേരളത്തിന് 8500 കോടി രൂപ കിട്ടാനുണ്ട്. അർഹതപ്പെട്ട പണം കിട്ടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിബന്ധനകൾ ഇന്ന് തുടങ്ങിയതല്ല. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് നിബന്ധനകൾ ഉണ്ട്. ഇപ്പോൾ ബിജെപി കുറേക്കൂടി ശക്തമാക്കി.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന നിബന്ധനകളാണ് കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് പാർട്ടി എതിരാണ് എംവി ഗോവിന്ദൻ പറഞ്ഞു.
പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. സർക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കാൻ സർക്കാരിനാവില്ല. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കും. പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം. വി ഗോവിന്ദൻ വ്യക്തമാക്കി.






