ആലപ്പുഴ: മാർഗ്ഗതടസ്സവും ശല്യവും ഉണ്ടാക്കി അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടന്ന കേസിൽ ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തുനിന്ന് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏജന്റായി പ്രവർത്തിച്ചവർ എന്ന് സംശയിക്കുന്നവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്.
ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ 56 വയസ്സുള്ള സ്ത്രീയെയും, ചേർത്തല കണിച്ചുകുളങ്ങര റെയിൽവേ ക്രോസിന് സമീപത്തു നിന്നുള്ള നിലവിൽ പാതിരപ്പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന 36 വയസ്സുള്ള സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ നഗരത്തിൽ കെ എസ്. ആർ.ടി.സി സ്റ്റാൻ്റും പരിസരവും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും ഇതിന് സമീപമുള്ള റസിഡൻസ് അസോസിയേഷനുകൾ പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ സൗത്ത് പോലീസ് ഐ .എസ്.എച്ച് ഒ കെ . ശ്രീജിത്തും സംഘവും 29 ന് രാത്രിയിൽ ബസ്സ്സ്റ്റന്റും പരിസരവും നിരീക്ഷണം നടത്തിവരവേയാണ് ഇവരെ കണ്ടെത്തിയത്. ബസ്സ് സ്റ്റാന്റിന് കിഴക്കുവശമുള്ള സെൻ്റ് മേരീസ് പള്ളിയ്ക്ക് സമീപം റോഡിന് മാർഗ്ഗ തടസ്സം ഉണ്ടാക്കി അതുവഴി പോകുന്നവരെ തടഞ്ഞുനിർത്തുന്ന സമയത്ത് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴയിൽ മുല്ലയ്ക്കൽ ചിറപ്പും ഉത്സവ നാളുകളും അടുത്തതിനാൽ ക്രിമിനലുകൾക്കെതിരേയും, സാമൂഹ്യവിരുദ്ധർക്കെതിരേയും ഇനിയും കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കെ അറിയിച്ചു. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി.