ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ .അറസ്റ്റിലായ രണ്ടാമത്തെയാൾ മലയാളിയാണ് .ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനാണിയാൾ .ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്.
അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു.സംഘം കവർന്ന പണം ചെന്നൈയിൽ നിന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയുമായുള്ള വാഹനം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞുനിർത്തി കൊള്ളയടിച്ചത്.രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.






