ആലപ്പുഴ: കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ് ത്ത് കരുവാറ്റയിലെ ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ നാളെ (സെപ്റ്റംബർ 19ന്) പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം മൂപ്പുള്ള ഉമ നെല്ലിനമാണ് വിതച്ചിരുന്നത്. 12 യന്ത്രങ്ങളാണ് കൊയ് ത്തിന് എത്തിച്ചത്. ഒരേക്കര്‍ കൊയ്യാന്‍ ശരാശരി ഒരു മണിക്കൂര്‍ 10 മിനിറ്റ് സമയമാണ് എടുക്കുന്നത്.
കുട്ടനാട്ടില്‍ ഇതുവരെ 7,224 ഹെക്ടറില്‍ രണ്ടാംകൃഷി ഇറക്കിയിട്ടുണ്ട്. അമ്പലപ്പുഴ, ആലപ്പുഴ, ചമ്പക്കുളം, ഹരിപ്പാട്, രാമങ്കരി ബ്ലോക്കുകളിലെ 14 കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 123 പാടശേഖരങ്ങളിലെ 10,095 കര്‍ഷകരാണ് ഇക്കുറി രണ്ടാംകൃഷിയിറക്കിയത്. ആകെ വിസ്തൃതിയുടെ 91 ശതമാനവും ഉമ ഇനമാണ് വിതച്ചത്.
പൗര്‍ണ്ണമി, മനുരത്‌ന ഇനങ്ങളും ഉമയ്ക്ക് പുറമെ കൃഷി ചെയ്തു. പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ കൃഷിഭവനുകളുടെ പരിധിയിൽ മൂന്ന് പാടശേഖരങ്ങളിലെ 138.52 ഹെക്ടറില്‍ ആലപ്പുഴ ജില്ലാപഞ്ചായത്ത്, കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ വിത്തു ഗ്രാമം പദ്ധതി പ്രകാരം ലഭ്യമാക്കിയ മനുരത്‌ന വിത്താണ് വിതച്ചത്. സെപ്റ്റംബർ 15ന് വിത ആരംഭിച്ച കരുവാറ്റയിലെതന്നെ മാന്ത്ര-മീഞ്ചാല്‍ പാടശേഖരമാണ് നിലവില്‍ ഏറ്റവുമവസാനം വിത നടന്ന പാടശേഖരം.