കൊച്ചി : ആരോഗ്യ മേഖലയിലെ അതിനൂതന സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ . ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഭാഗങ്ങൾക്കായി എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രലിൽ സംഘടിപ്പിച്ച മെഡിക്കോൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ.
സഭയുടെ ചാരിറ്റി പ്രസ്ഥാനമായ സഹോദരൻ പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ അപേക്ഷകൾ വരുന്നത് ചികിത്സാ സഹായം തേടിയാണ്. ഭാരിച്ച ചികിത്സാച്ചെലവ് പല കുടുംബങ്ങളെയും കടക്കെണിയിലാക്കുകയാണ്. ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ എന്തു ചെയ്യാൻ കഴിയുമെന്നതിൽ ചർച്ചകൾ ഉയർന്നുവരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ക്യാൻസർ രോഗത്തെ ഒരു പരിധി വരെ ചെറുക്കാൻ കഴിയുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അൽമായ ട്രസ്റ്റി ശ്രീ റോണി വർഗീസ് ഏബ്രഹാം, മലങ്കര മൽപ്പാൻ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, ഡോ. പോൾ പുത്തൂരാൻ, ഫാ. സൈമൺ ജോസഫ്, ഫാ. ഡേവിഡ് തങ്കച്ചൻ എന്നിവർ സംസാരിച്ചു.