അടൂർ: ഹോംനഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. അടൂർ കണ്ണങ്കോട് സ്വദേശി റെന്നി ജോയ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന് കിടപ്പു രോഗിയെ ശുശ്രൂഷിക്കാനായി എത്തിയ മധ്യവയസ്ക്കയായ ഹോം നഴ്സിനെ ആണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
എറണാകുളത്ത് താമസിച്ച് വരികയായിരുന്ന പ്രതി വീട്ടിൽ വന്നപ്പോഴാണ് കിടപ്പ് രോഗിയായ ഇയാളുടെ മാതാവിനെ നോക്കാനായി ഇവിടെ നിന്നിരുന്ന ഹോം നഴ്സിനോട് അതിക്രമം കാട്ടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ പ്രതിയെ അടൂർ പോലീസ് ഇസ്പക്ടർ ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ ദീപു, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അർജുൻ എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






