തിരുവനന്തപുരം : ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളുടെ പ്രാതിനിധ്യമുണ്ടാകും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കും.
2018 ലെ ആദ്യ ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ ഒതുങ്ങി നിന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലെത്തുമ്പോൾ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചത് സഭയ്ക്ക് പ്രവാസികൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് സ്പീക്കർ പറഞ്ഞു.






