ന്യൂഡൽഹി : തൊഴിൽരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് 4 തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു .രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്.അസംഘടിത തൊഴിലാളികൾ, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, വനിതാ ജീവനക്കാർ എന്നിവർക്കെല്ലാം പരിഷ്‌കാരങ്ങൾ ബാധകമാകും.
സാർവത്രിക സാമൂഹികസുരക്ഷ പരിരക്ഷ, എല്ലാ ജീവനക്കാർക്കും നിർബന്ധിത നിയമന ഉത്തരവ്, നിയമപ്രകാരമുള്ള മിനിമം വേതനം, സമയബന്ധിതമായ ശമ്പള വിതരണം എന്നിവ ഉറപ്പുവരുത്തുന്നതാണ് നാല് തൊഴിൽ കോഡുകൾ .ഒരു വർഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി,വനിതകളുടെ പൂർണസുരക്ഷ, 40 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധന, രാജ്യം മുഴുവൻ പ്രാബല്യമുള്ള ഇഎസ്ഐ പരിരക്ഷ, ഏക രജിസ്‌ട്രേഷൻ എന്നിവ ചട്ടങ്ങളുടെ ഭാഗമാണ്.
മെച്ചപ്പെട്ട വേതനം, വിപുലമായ സാമൂഹിക സുരക്ഷാ പരിരക്ഷ, തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പാക്കുകയാണ് ഈ പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.2020ൽ പാർലമെന്റ് പാസ്സാക്കിയ തൊഴിൽ കോഡുകൾ 5 വർഷത്തിനു ശേഷമാണ് നടപ്പിൽ വരുന്നത്.സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും സമഗ്രവും പുരോഗമനപരവുമായ തൊഴിൽ സൗഹൃദ പരിഷ്കാരങ്ങളിലൊന്നാണ് ഇതെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.






