ന്യൂഡല്‍ഹി : രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും .രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫൊണ്ടെലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥികള്‍.
റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും. 30 ടാബ്ലോകള്‍ അണിനിരക്കും. രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 90-മിനിറ്റ് നീണ്ടുനില്‍ക്കും. കരസേനയുടെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ ഭവ്‌നീഷ് കുമാര്‍ പരേഡിന് നേതൃത്വം നല്‍കും.
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്. ‘വന്ദേമാതരം’ ഗാനത്തിന്റെ വരികളെ ചിത്രീകരിക്കുന്ന അപൂര്‍വ ചിത്രങ്ങള്‍ കര്‍ത്തവ്യപഥില്‍ പ്രദര്‍ശിപ്പിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുള്‍പ്പെടെ പരേഡില്‍ പ്രദര്‍ശിപ്പിക്കും.
കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡില്‍ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുള്‍പ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.






