തിരുവനന്തപുരം: ശബരിമല ശ്രീകോവില്‍ വാതില്‍, കട്ടിള, ദ്വാരപാലക പാളികള്‍ എന്നിവ സ്വര്‍ണം പൂശണമെന്ന ആവശ്യം മുന്നോട്ടു വച്ചതല്ലെന്നും ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്നും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കമ്മിഷണറുടെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനമനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും.
അറസ്റ്റിലായ ഈ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തി എസ്‌ഐടി ചോദ്യം ചെയ്തപ്പോഴാണ് ദേവസ്വം കമ്മിഷണറും ബോര്‍ഡ് അംഗങ്ങളുമാണ് സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകരെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. താന്‍ വെറും മധ്യസ്ഥന്‍ മാത്രമാണെന്നാണ് പോറ്റി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്.
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി പോറ്റിക്കു മാത്രമല്ല ദേവസ്വം ജീവനക്കാര്‍ക്കും ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളും എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പല നിര്‍മിതികളിലും സ്മാര്‍ട്ട് ക്രിയേഷന്‍സിന് പങ്കുണ്ടെന്നാണ് സൂചന.
യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതിയുടെ 2018 സപ്തംബറിലെ വിധി വരുംമുമ്പു തന്നെ ശ്രീകോവില്‍ വാതില്‍ ഇളക്കി പുതിയത് നിര്‍മിക്കാനുള്ള ആലോചന ബോര്‍ഡില്‍ ആരംഭിച്ചിരുന്നു. പോറ്റി വശം വാതില്‍പ്പാളികള്‍ ചെന്നൈക്ക് കൊടുത്തുവിടാന്‍ ബോര്‍ഡ് 2018 ആഗസ്തില്‍ തന്നെ തീരുമാനിച്ചതിന്റെ രേഖകളും എസ്‌ഐടിക്ക് ലഭിച്ചു.
യുവതീ പ്രവേശ പ്രക്ഷോഭം കെട്ടടങ്ങും മുമ്പ്, 2019 ഫെബ്രുവരിയിലാണ് ചര്‍ച്ചകള്‍ സജീവമായത്. ഒപ്പം മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ഇളക്കി മാറ്റി സ്വര്‍ണം പൂശാനും തീരുമാനിച്ചു. ഫെബ്രുവരി 16ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന് എഴുതിയ കത്താണ് ഇതിനാധാരം. വാതില്‍പ്പാളികള്‍ സ്വര്‍ണം പൂശുമ്പോള്‍ അതിന്റെ കട്ടിളപ്പാളി കൂടി സ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറോട് ആവശ്യപ്പെട്ടതായും അദ്ദേഹം അതിന് സമ്മതിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു.
ഈ കത്തില്‍ തന്നെയാണ് 2018ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ വിവരം സുധീഷ് കുമാറിന് അറിയാമായിരുന്നെന്ന കാര്യം തെളിയുന്നത്. എന്നാല്‍ അദ്ദേഹം ‘സ്വര്‍ണം പൊതിഞ്ഞത്’ എന്ന പദമൊഴിവാക്കി ‘പൂശിയത്’ എന്ന് ചേര്‍ത്തത് മനഃപൂര്‍വമാണെന്നാണ് എസ്‌ഐടി നിഗമനം.






